2012, ജനുവരി 14, ശനിയാഴ്‌ച

അവധിക്കാലം


"ഈ പൂച്ചക്ക് എന്ത് പറ്റി? ചോറ് കൊടുത്തിട്ടും, മീന്‍ കൊടുത്തിട്ടും, കഴിക്കാതെ എന്റെക കാലില്‍ തഴുകി വട്ടം ചുറ്റി നടക്കുന്നു!, ഇതിങ്ങനെ പതിവില്ലല്ലോ ശാരദേ"...

ശാരദ പൂച്ചയെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല!

ശ്രീധരന്‍ നായര്‍ ഏമ്പക്കം വിട്ട് പൂമുഖത്തെ ചാരുവടിയില്‍ തൂണും ചാരി ഇരുന്നു.

വെയിലിന്റെ തീഷ്ണമായ ചൂടിനെ തെങ്ങോലകള്‍ കുളിര്ക്കാറ്റാക്കി മാറ്റി, ഉച്ച ഊണുകഴിഞ്ഞുള്ള എച്ചിലുകള്ക്ക്ത‌ വേണ്ടി ബഹളം വെക്കുന്ന കാക്കക്കൂട്ടങ്ങളും, അലക്കുകല്ലില്‍ തുണി ആഞ്ഞടിക്കുന്ന ഗ്രാമത്തിന്റെ ശബ്ദവും പൂമുഖത്തിരിക്കുന്ന ശ്രീധരന്‍ നായര്ക്ക് കേള്ക്കാം.

ശ്രീധരന്‍ നായര്‍ തന്റെു തീരാറായ അവധിക്കാലത്തെ കുറിച്ച് ഓര്ത്തു് വ്യാകുലപെട്ടു! ഇനി എത്ര ദിവസം ബാക്കി?! എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

അവധിക്കാലത്തിന്റെ തുടക്കം എത്ര മനോഹരമായിരുന്നു! അതിലിടക്ക് ശാരദയെ പരിചയപെട്ടതും, കൂട്ടുകാരന്‍ മാധവന്‍ അവധി കഴിഞ്ഞ് തിരിച്ചു പോയതും, ... അങ്ങനെ സന്തോഷവും, ദുഖവും ഒരുപോലെ സമ്മാനിച്ച അവധിക്കാലം!

"എനിക്ക് ഇപ്പോഴൊന്നും പോകേണ്ട! ഇനിയും ഇവിടെ തന്നെ അവധിക്കാലം ചിലവഴിക്കണം"!.

ശ്രീധരന്‍ നായര്‍ ചാരുപടിയിലെ സിമെന്റു തറയില്‍ കിടന്നു. ഉഷ്ണക്കാറ്റ് ശ്രീധരന്‍ നായരെ തലോടിയെങ്കിലും സിമെന്റ് തറയില്‍ നിന്നും തണുപ്പ് ശ്രീധരന്‍ നായരുടെ ശരീരത്തിലേക്ക് പടരാന്‍ തുടങ്ങി കാക്കകള്‍ ബഹളം വെച്ചിട്ടും, അലക്കുകല്ലില്‍ തുണി ആഞ്ഞടിച്ചിട്ടും ശബ്ദം പുറത്തുവന്നില്ല !

ശ്രീധരന്‍ നായര്‍ അവധിക്കാലം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ വീട്ടിലേക്കു തിരിഞ്ഞുനോക്കി! വടക്ക് വശത്തുള്ള മാവിലേക്ക്‌ മഴു ആഞ്ഞു വെട്ടുന്ന ശബ്ദം കുന്നിന്‍ മുകളില്‍ തട്ടി തിരികെ വന്നു! ശാരദ കട്ടിലില്‍ കമിഴ്ന്നുകിടക്കുന്നു! ചുറ്റും അയല്‍ക്കാരുണ്ട്!

പൂമുഖത്തെ തൂണും ചാരി കൃഷ്ണനും ഇരിക്കുന്നുണ്ടല്ലോ!, അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു !

ഞാന്‍ അവനുമായി പിണങ്ങിയിട്ടു കാലം കുറേ ആയി. അവനു കൊടുക്കാന്‍ ഒരു കടം ബാക്കിയുണ്ട്, സ്നേഹത്തിന്റെ കടം. അവധിക്കാലത്ത് ഞാന്‍ അതേക്കുറിച്ചു ഒന്നും ആലോചിച്ചില്ല! "ഇനി ഒരു അവധിക്കാലം ഉണ്ടായിരുന്നെങ്കില്‍"!!.










2010, ജനുവരി 17, ഞായറാഴ്‌ച

എങ്കിലും മോനേ..........

ദിനേശന്റെ ദിവാസ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു
ഇനി രണ്ട് ആഴ്ചമാത്രം ബാക്കി,

ശാലിനിയുടെ ഫോട്ടോ ഓന്നുകൂടി നോക്കി, നോക്കുംതോറും അവളുടെ സൗന്ദര്യം
കൂടുന്നതായി തൊന്നിചു. ഒരു കല്ല്യാണ ചെറുക്കന്റെ ഉത്തരവാദിത്യബോധം ദിനേശനെ സ്വപ്നലോകത്തു നിന്നും പിന്തിരിപ്പിച്ചു.

ഏല്ലാ ഗള്‍ഫുകാരനെയും പോലെ ദിനേശനും വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ കാര്‍ബോര്‍ഡു പെട്ടിയില്‍ അടുക്കി വെച്ചുതുടങ്ങി. ഓരോ പ്രാവിശ്യം അവധിക്ക് പോകുമ്പോഴും അധിക ഭാരം മൂലം കാര്‍ബോര്‍ഡ് പെട്ടിയുടെ മുഖങ്ങള്‍ വീര്‍ത്തുവരാറുണ്ട്. പക്ഷേ വീട്ടില്‍ എത്തി അധികസമയം ആവുന്നതിനുമുന്‍പേ കാറ്റു പോയ ബലൂണ്‍ പോലെ പെട്ടി ശൂന്യമായിരിക്കും.

കൊണ്ടുവന്ന ഗള്‍ഫ് സാധനങ്ങള്‍ നിമിഷനേരം കൊണ്ട് അപ്രത്ത്യക്ഷമാവുമെങ്കിലും പെട്ടി കെട്ടികൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് കയര്‍ എടുത്ത് അമ്മ പറയുന്നത് ദിനേശന്‍ ഓര്‍ത്തു, ഇതെങ്കിലും മിച്ചം വരുന്നതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ തുണി ഉണങ്ങാനിടാം.

സാധനങ്ങളൊക്കെ പെട്ടിയില്‍ അടുക്കിവെച്ചു, ഇനി കുറച്ചുസ്ഥലം ബാക്കിയുള്ളത് ഉത്തമന്റെ വീട്ടിലേക്ക് അവന്‍ തന്ന പൊതി വെക്കുവാനുള്ളതാണു. അപ്പോഴാണു വേറൊരു പേക്കറ്റ് വെക്കേണ്ട കാര്യം ദിനേശന്‍ ഓര്‍ത്തത്!

ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവിനു ഉതകുന്ന ആ പേക്കറ്റുകള്‍ ക്കൈയ്യിലെടുത്തപ്പോള്‍ ദിനേശന്‍ ഒരു പുതുപ്പെണ്ണിനെപോലെ നാണിക്കുകയും, ഹൃദയമിടിപ്പ് ഒരു നാദസ്വര കച്ചേരിയായി മാറുകയും ചെയ്തു. ഈ പേക്കറ്റ് ഇല്ലാതെ പോകുന്നത് അത്ര പന്തിയല്ലെന്ന് ദിനേശനു അറിയാം, അതുകൊണ്ടുതന്നെ സന്താന നിയന്ത്രണ പേക്കറ്റുകള്‍ വാങ്ങിവെച്ചിരുന്നു.

വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ദിനേശനു തന്റെ പെട്ടിക്ക് യാതൊരു അവകാശവുമില്ല! തലങ്ങും, വിലങ്ങും ഇരുമ്പു ചങ്ങലകൊണ്ട് താഴിട്ടു പൂട്ടിയ പെട്ടി നിമിഷ നേരം കൊണ്ട് തുറന്നു കാണിക്കുന്ന മാന്ത്രികന്‍ മുതുകാടിനെ പ്പോലും തോല്‍പിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക്ക് കയര്‍ ചുറ്റിവരിഞ്ഞ പെട്ടി നിമിഷനേരം കൊണ്ട് തുറന്നുകാണിക്കുന്ന ചേച്ചിമാര്‍ കൊണ്ടുപോയ ഓരോ സാധനവും അരിച്ചു പെറുക്കും! അപ്പോള്‍ ഈ പേക്കറ്റുകള്‍ അവര്‍ കാണും! ആലോചിച്ചിട്ട് ഒരു വഴിയെ കാണുന്നുള്ളൂ.... ഉത്തമന്റെ പേരില്‍ വേരൊരു പൊതി ഉണ്ടാക്കുക, അതു ഉത്തമന്റേതാണെന്ന് കരുതി ആരും എടുക്കുകയുമില്ല.

ഉടനെ രഹസ്യ പേക്കറ്റുകള്‍ പൊതിഞ്ഞ് വെണ്ടക്കാ അക്ഷരത്തില്‍ ഉത്തമന്‍ മന്നിലേടത്ത് വീട് എന്ന് എഴുതിവെച്ചു. ഒരു ബോംബ്ബ് നിര്‍വീര്യമാക്കിയ ആശ്വാസം.


ഇനി ഡ്യൂട്ടി ഫ്രീയില്‍ നിന്നും രണ്ട് കുപ്പി റെഡ് ലേബല്‍ വാങ്ങിക്കണം, അത് നാട്ടിലെ വി.ഐ.പി. കുടിയന്മാര്‍ക്കുള്ളതാണു,പിന്നെ പോകുന്ന വഴിക്ക് മാഹിയില്‍ നിന്നും രണ്ടൊ,മൂന്നോ കുപ്പി നാടനും വാങ്ങണം.

ഗള്‍ഫില്‍ നിന്നും വരുമ്പൊള്‍ മാഹി സാധനമാണു വാങ്ങിയതെന്നറിഞ്ഞാല്‍ തനിക്കും ഒരു നാടന്റെ സ്ഥാനമെ ലെഭിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് ദിനേശന്‍ തന്റേതായ ഒരു മിക്സിങ്ങ് ഫോര്‍മുല രൂപപ്പെടുത്തിയിരുന്നു! റെഡ് ലേബല്‍ കുപ്പി കാലിയായി ക്കഴിഞ്ഞാല്‍ ഈ മാഹി സായിപ്പിനെ അതിലേക്ക് നിറയ്ക്കും! അങ്ങനെ റെഡ് ലേബല്‍ അപരനെ വലിച്ചു കുടിച്ചു ചുണ്ടും തുടച്ച് തൊണ്ടയും അടിവയറും തടവി പൊസിഷന്‍ മാറിയില്ലെന്ന് ഉറപ്പ് വരുത്തി റെഡ് ലേബലാണു കുടിച്ചതെന്ന ഓവര്‍ കോണ്‍ഫിഡന്‍സുമായ് അവര്‍ തപ്പി തടഞ്ഞ് പോകുമ്പോള്‍ കുഴഞ്ഞ ശബ്ദത്തില്‍ പറയും റെഡ് ലേബല്‍ ഒരു സാധനം തന്നെയാണു മോനെ എന്തൊരു കിക്ക്!

അങ്ങിനെ കള്ളിന്റെ കാര്യത്തില്‍ ദിനേശനു എല്ലാവരേയും തൃപ്തിപെടുത്തുവാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്.

വീട്ടില്‍ എത്തിയപ്പോള്‍ ചേച്ചിമാരും, അളിയന്മാരും,കുട്ടികളും ഉല്‍ഘാടനത്തിനു മന്ത്രിയേ കാത്തുനില്‍ക്കുന്നതുപോലെ നില്‍പുണ്ടായിരുന്നു!

അചഛന്‍ പറഞ്ഞു എടാ..... ദിനേശാ..... നിന്റെ കൂട്ടുകാരെയൊക്കെ നീ തന്നെ പോയി കല്ല്യാണം ക്ഷണിക്ക്.

ദിനേശന്‍ അടുത്ത ദിവസം മുതല്‍ കല്ല്യാണം വിളിക്കല്‍ ചടങ്ങ് ആരംഭിച്ചു. രാവിലെ തന്നെ തന്റെ കൂട്ടുകാരുടെ താവളമായ കണ്ണാടിപറമ്പ് നാട്ടിലേക്ക് ബസ്സ് കയറി. എല്ലാ കൂട്ടുകാരുടേയും വീട്ടില്‍ കയറിയിറങ്ങിയപ്പോഴേക്കും ഉച്ചയായി. ഇനി കണ്ണപുരത്തേക്ക് പോകണം.

കണ്ണപുരത്തേക്കുള്ള ബസ്സ് കാത്ത് നില്‍ക്കുന്ന സമയത്ത് വീട്ടില്‍ നിന്നും അചഛന്റെ ഫോണ്‍ വന്നു! എടാ ദിനേശാ...... മന്ന്യോടത്ത് വീട്ടിലെ ഉത്തമന്റെ അചഛന്‍ വന്നിട്ടുണ്ട്, ഉത്തമന്‍ എന്തോ നിന്റെ കൈവശം കൊടുത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞു.

അപ്പോഴേക്കും ബസ്സ് വന്നു. ബസ്സില്‍ ചാടിക്കയറുന്ന സമയം അചഛനോട് മറുപടി പറഞ്ഞു, അവന്റെ പേരു എഴുതിയ പൊതി കൊടുത്തേക്ക്ക്കൂ........ ഫോണ്‍ കട്ടു ചെയ്ത് തിങ്ങിനിറഞ്ഞ ബസ്സില്‍ ഒരു അധികപറ്റായി അള്ളിപിടിച്ചു.

രണ്ട് ആഴ്ച്ച കഴിഞ്ഞു ദിനേശന്‍ ശാലിനി കല്ല്യാണം ഭംഗിയായി കഴിഞ്ഞു, ഭദ്രമായി വെച്ചിരുന്ന പൊതിയുടെ തിരോധാനം ആദ്യമൊക്കെ ദിനേശനെ അലോസരപെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും മുക്തനായിട്ടുണ്ട്.

കല്ല്യാണ പന്തല്‍ അഴിച്ചുവെച്ചു, തെങ്ങില്‍ ചുവട്ടില്‍ വലിച്ചെറിഞ്ഞ എച്ചില ഇലകള്‍ കരിഞ്ഞു തുടങ്ങി. പുതുപെണ്ണ് പഴകിതുടങ്ങി.

ദിനേശന്‍ ദുബായിലേക്ക് പറന്നു ഒപ്പം കുറേ വിരഹ ദുഖങ്ങളും പേറി. ദിവസങ്ങള്‍ കടന്നുപോയി..... കുത്തരി ചോറിന്റെ സ്ഥാനം കുബ്ബൂസ് കൈക്കലാക്കി!
യാന്ത്രികമായ ജീവിതം......വെള്ളിയാഴ്ചകള്‍ ക്ഷെണിക്കാതെ വന്നു പോയ്കൊണ്ടിരുന്നു,

ഒരു വ്യാഴാഴ്ച ദിവസം ആഘോഷിക്കാന്‍ ഉത്തമന്‍ ദിനേശനെ ബാറിലേക്ക് ക്ഷണിച്ചു. ദിനേശന്‍ തന്റെ കല്ല്യാണത്തെ കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഉത്തമന്‍ ഒരു കല്ല്യാണ സി ഡി കാണുന്നതുപോലെ ആസ്വദിച്ചിരുന്നു.

ഇടയ്ക്കൊരു മൗനം വീണു കിട്ടിയപ്പോള്‍ ഉത്തമന്‍ പറഞ്ഞു ദിനേശാ.... നീ നാട്ടില്‍ പോയപ്പോള്‍ അഛന്‍ എനിക്ക് ഫോണ്‍ ചെയ്തിരുന്നു ....ആകാംക്ഷയോടെ ദിനേശന്‍ ചോദിച്ചു....ഉം എന്ത് പറഞ്ഞു?


ഈ വയസ്സാന്‍ കാലത്തും നിനക്ക് നിന്റെ അഛനെ വിശ്വാസമില്ല അല്ലേടാ മോനേന്ന്!!.........

കുടിച്ചുകൊണ്ടിരിക്കുന്ന ബിയറിന്റെ കയ്പ്പ് ഒന്നുകൂടി കൂടിയതായും അത് മൂക്കിലേക്ക് ഓടിക്കയറി ദിനേശന്‍ ഉഛത്തില്‍ ചുമച്ചുകൊണ്ടിരുന്നു !.......

2009, നവംബർ 16, തിങ്കളാഴ്‌ച

ഭഗവതിയുടെ ചോദ്യം

കൃഷ്ണനുണ്ണി ആരും വിളിച്ചുണര്‍ത്താതെ പുലര്‍ച്ചെ തന്നെ എഴുന്നേറ്റു. ഇന്ന് കുറേ നാളുകളായി കാത്തിരുന്ന ദിവസമാണ്‌ . ഓര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു പാടു നിറങ്ങളുള്ള ബലൂണുകള്‍ ഉയര്‍ന്നുപൊങ്ങി. മുളം തണ്ടുകളില്‍ തൂങ്ങികിടക്കുന്ന കളിപ്പാട്ടങ്ങളും, മാനത്ത് മായാജാലം വിരിയിച്ച് പൊട്ടി തെറിക്കുന്ന അമിട്ടുകളും, ചെണ്ടകളുടെ ദൈവീകമായ ശബ്ദത്തോടൊപ്പം തീപന്തം കൊണ്ട് അലങ്കരിച്ച തെയ്യ കോലങ്ങളും........

ആലോചിക്കുംതോറും കൃഷ്ണനുണ്ണിക്ക് സന്തോഷം അടക്കുവാന്‍ കഴിഞ്ഞില്ല!
രണ്ടു കയ്യുകൊണ്ടും സ്വന്തം മാറിടത്തില്‍ ആവരണം തീര്‍ത്ത് മകര മാസത്തിലെ തണുപ്പിനെ അകറ്റി.

ഉണ്ണീ....അടുക്കളയില്‍ നിന്നും അമ്മയുടെ നീണ്ട വിളി.......

സ്വപ്നത്തില്‍ നിന്നും മോചിതനായ് വന്ന കാര്യത്തില്‍ ശ്രദ്ധിച്ചു.
മുറ്റത്തെ തുമ്പില്‍ നിന്നുതന്നെ ഉണങ്ങിയ പ്ലാവില ചപ്പിന്മേല്‍ കഴിയുന്നത്ര ദൂരത്തില്‍ ചറ പറ ശബ്ദത്തോടു കൂടി മൂത്രമൊഴിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി.

ആകാശത്ത് ആദിത്ത്യന്‍ കുംങ്കുമം വാരി വിതറി. ദൂരെ നിന്നും കോമരം വാളും എഴുന്നള്ളിച്ച് വരുന്നതിന്റെ ചെണ്ട ശബ്ദം കേട്ടുതുടങ്ങി. വീടുകളില്‍ അഞ്ച് തിരിയിട്ട നിലവിളക്കുകള്‍ പ്രത്യക്ഷപെട്ടു.

ആകാശത്ത് നക്ഷത്രങ്ങളും, കാവിനു ചുറ്റുമുള്ള മതിലുകളിലും, ചെമ്പകമരത്തിന്റെ തറയിലും ആള്‍ക്കാരും സ്ഥാനം പിടിച്ചു.

ഒരു പെരുമ്പറ ശബ്ദത്തോടുകൂടി ഭഗവതിയുടെ തോറ്റം പാട്ട് ആരംഭിച്ചു.
ഭഗവതിയുടെ തോറ്റം ഭക്തരെ യുഗങ്ങള്‍ക്ക് അപ്പുറം എത്തിച്ചു. വിരിയാന്‍ പോകുന്ന ചെമ്പകപ്പൂവിന്റെ മൊട്ടുകള്‍ തോറ്റം ഏറ്റുപാടി. ചെണ്ടയുടെ താളത്തിന്റെ ഏറ്റകുറച്ചിലിന്ന് അനുസ്സരിച്ചു തെയ്യ ക്കോലങ്ങള്‍ ഉറഞ്ഞു തുള്ളി. കുരുത്തോലകള്‍ക്കിടയിലൂടെ കത്തുന്ന പന്തങ്ങള്‍ക്ക് കത്തിയ മഞ്ഞളിന്റെ വാസനയുണ്ടായിരുന്നു.

തുള്ളിതീര്‍ന്ന ഭഗവതി തെയ്യത്തിന്റെ അടുത്തേക്കു ഭക്തര്‍ മഞ്ഞള്‍ കുറിക്കായ് ദക്ഷിണയുമായ് അടുത്തുകൂടി.

ഭക്തര്‍ തങ്ങളുടെ സങ്കടങ്ങള്‍ ഭഗവതിയെ ബോധിപ്പിക്കുകയും ഭഗവതി പരിഹാര ക്രീയ നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു.

തുന്നല്‍ പഠിപ്പിക്കുന്ന സുഭദ്ര ടീച്ചര്‍ കുറി വാങ്ങിക്കഴിഞ്ഞാല്‍ കൃഷ്ണനുണ്ണിയുടെ ഊഴമാണു.
കൃഷ്ണനുണ്ണി അച്ചന്‍ തന്ന ഒറ്റ നാണയം അമര്‍ത്തിപ്പിടിച്ചു.

കുറി വാങ്ങിയ സുഭദ്ര ടീച്ചര്‍ ചിരിച്ചുകൊണ്ട് പ്പോകുന്നതുകണ്ടു.
ആറു മാസത്തിനുള്ളില്‍ വടക്കുനിന്നും ഒരു അലോചന സുഭദ്ര ടീച്ചര്‍ക്ക് വരുമെന്നും,എപ്പോഴും എന്നെ വിളിക്കണമെന്നും,ഞാന്‍ എപ്പോഴും കൂടെ ഉണ്ടായിരിക്കുമെന്നും ഭഗവതി പറയുന്നത് കേട്ടു.

കുരുത്തോലകളും, തീ പന്തങ്ങളും കൊണ്ട് അലങ്കരിച്ച ഭഗവതി അടുത്തുവന്നു! തീപന്തങ്ങള്‍ക്ക് കൈ മുട്ടാതെ ദക്ഷിണ കൊടുത്തു.

കുറെ മഞ്ഞള്‍ പൊടിയും ചെത്തി പൂവും കൃഷ്ണനുണ്ണിയുടെ തലയില്‍ വിതറി വാളുകൊണ്ട് തലയില്‍ മെല്ലെ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു.......ഗുണം വരും,....ഗുണം വരും...ഏറി.....യേറി.....ഗുണം വരും
നീ എന്നെ വിളിക്കാറില്ല!...... അല്ലെ......ഭഗവതി ച്ചോദിച്ചു,

കൃഷ്ണനുണ്ണിയുടെ മറുപടി പെട്ടെന്നായിരുന്നു,

അതിനു നിങ്ങളുടെ നമ്പര്‍ എന്റെ കയ്യില്‍ ഇല്ലല്ലൊ!!!......

മറുപടി കേട്ട് അമ്പരന്ന ഭഗവതിയുടെ ചിത്രമെഴുത്തുള്ള മുഖത്തിന്റെ ഭാവ മാറ്റം ഭക്തര്‍ ശൃദ്ധിച്ചില്ല.

2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

നഷ്ടപെട്ട ചിലങ്ക

ബോംബെയില്‍ നിന്നുള്ള എന്റെ ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര പെട്ടന്നായിരുന്നു, അതിനാല്‍ ട്രെയിന്‍ ടിക്കറ്റ്‌ മുന്‍ കൂട്ടി തരപ്പെടുത്തുവാന്‍ പറ്റിയില്ല, എങ്കിലും യാത്രയാക്കാന്‍ വന്ന സുദര്‍ശന്‍ ധൈര്യം പകര്‍ന്നു.

റെയില്‍വേ സ്റ്റേഷന്‍ എനിക്കെപ്പോഴും ഒരു നിലക്കാത്ത നാടകമായാണ് തോന്നാറ് , ഒരുപാടു കഥാ പാത്രങ്ങളുള്ള നാടകം. വി ടി സ്റ്റേഷന്റെ മുഖ്യ കവാടത്തില്‍ എത്തിയപ്പോള്‍ യവനിക ഒയര്‍ന്നതായും സ്റ്റേജില്‍ കാല്‍ കുത്തിയതായും തോന്നി , യാത്രക്കാരനായി അഭിനയിക്കുന്ന എനിക്ക് മറ്റു കഥാപാത്രങ്ങളുടെ ആരവങ്ങളും, പശ്ചാത്തല സംഗീതമായ തീവണ്ടിയുടെ താളത്തോടെയുള്ള കിതപ്പും കുറച്ച് അസ്വസ്ഥതയാണ് ഉണ്ടാക്കിയത് , ആദ്യമായ് സ്റ്റേജില്‍കയറിയ പുതുമുഖ നടനെപ്പോലെ .....

സുദര്‍ശന്‍ എന്നെ ഒരു ടെലഫോണ്‍ ബൂത്തിന്റെടുത്ത് നിര്‍ത്തിയിട്ട്‌ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞു . ബൂത്തിന്നുള്ളില്‍നിന്നും ഒരു പെണ്‍ കുട്ടിയുടെ ഭീഹാറിലെ ഒരു ഗ്രാമീണ ഭാഷയിലുള്ള കൊഞ്ചലും, പരിഭവവും നിറഞ്ഞ നിര്‍ത്താതെയുള്ള സംസാരം ബൂത്തിന്റെ വാതിലിലുടെ പുറത്തേക്കു വന്നു. പുറത്ത് ഫോണിനായി കാത്തു നില്‍ക്കുന്നവരുടെ മുഖത്തെ നീരസം പ്രകടമായിരുന്നു .

സൂര്യന്‍ ഇന്നത്തെ ജോലി മതിയാക്കി ചന്ദ്രന്നു വഴിമാറികൊടുത്തു, ചന്ദ്രന്റെ വരവിനെ ഇളംകാറ്റ് സ്വാഗതം ചെയ്തു, കാറ്റിന് സ്റ്റേഷന്റെ മണമുണ്ടായിരുന്നു, മലിനമായ ഇരുമ്പിന്റെ മണം, ഫ്ലാറ്റ്ഫോമില്‍ ഭിക്ഷ എടുത്തും എച്ചില്‍ ഭക്ഷണത്തിനു പിന്നാലെ ഒടുന്നവരുടെ നിറവും മണവും ഇരുമ്പിന്റെതാണ് , തുപ്പലും , വിസര്‍ജ്യവും ഏറ്റുവാങ്ങുന്ന ഇരുമ്പിന്റെത് .സ്റ്റേഷനില്‍ ഒരു കൂട്ടം യാത്രക്കാര്‍ അവരുടെ ലക്ഷ്യത്തിലെത്തുവാന്‍ തിരക്ക് കൂട്ടുന്നു , മറ്റു ചിലര്‍ സ്റ്റേഷന്റെ ഇരുമ്പ് തൂണിനു ചുറ്റും തങ്ങളുടെ ഭാണ്ടത്തിനുമേല്‍ തല ചായ്ചു തങ്ങളുടെ ലക്ഷ്യവും കാത്തു കിടക്കുന്നു, ഒരു ലക്ഷ്യവുമില്ലാത്ത ആള്‍ക്കാര്‍ എങ്ങും പോകാനില്ലാതെ അവിടെ തന്നെ നേരം വെളുപ്പിക്കുന്നു.

സുദര്‍ശന്‍ വന്നു , ഒപ്പം ഒരു മറാത്തി പയ്യനുമുണ്ടായിരുന്നു കൂടെ, സുദര്‍ശന്റെ നെറ്റിയില്‍ വിയര്‍പ്പിന്‍ തുള്ളികള്‍ കണ്ടു, പയ്യന്റെ സഹായത്തോടെ സുദര്‍ശന്‍ ബ്ലാക്കില്‍ ടിക്കറ്റ്‌ തരപ്പെടുത്തിയിരുന്നു, പയ്യന് ടിക്കറ്റിന്റെ കാശും കമ്മിഷനും കൊടുത്തു ,അവന്‍ നന്ദി സൂചകമായി തലയാട്ടി .

രാത്രി ഒന്‍പതു മണിക്കാണ് ട്രെയിന്‍ ,ഇപ്പോള്‍ ഏഴു മണി ആയതേയുള്ളൂ , സുദര്‍ശന്‍എന്നെയും കൂട്ടി സ്റ്റേഷന് പുറത്തിറങ്ങി , എന്റെ ആഗ്രഹപ്രകാരം ബാര്‍ ലക്ഷ്യമാക്കി നടന്നു, മങ്ങിയ പ്രകാശമുള്ള ബാറിന്റെ ഒഴിഞ്ഞ ഭാഗത്ത് ഞങ്ങള്‍ ഇരുന്നു....ഒപ്പം ബിയറിനു ഓര്‍ഡര്‍ ചെയ്തു, ഒരു സ്ത്രീ രണ്ടു തണുത്ത ബിയറും ഒരു പാത്രത്തില്‍ കടലയും കൊണ്ടുവന്നു, ബിയര്‍ കുപ്പിയുടെ മുകളില്‍ വെള്ളതുള്ളികള്‍ ഉണ്ടായിരുന്നു, സുദര്‍ശന്റെ നെറ്റിയില്‍ ഉണ്ടായിരുന്ന വെള്ളതുള്ളികള്‍ പോലെ.... ഗ്ലാസില്‍ നുരഞ്ഞു പൊങ്ങിയ ബിയര്‍ മെല്ലെ ചുണ്ടോടടുപ്പിച്ചു, അതിലെ ഓരോ തുള്ളികളും ശരിരത്തിന്റെ ഓരോ ഭാഗത്തേക്കും ഓടിക്കയറി , ബിയറിന്റെ എണ്ണം കൂടിവന്നു ... എന്റെ ആത്മാവിന്റെ രൂപവും ഭാവവും മാറിത്തുടങ്ങി, എന്നെ ഭയമില്ലാത്തവനാക്കി , എനിക്ക് എല്ലാവരോടും അകമഴിഞ്ഞ സ്നേഹം തോന്നി, എന്റെ ദുഃഖങ്ങള്‍ കണ്ണീര്‍ നനവില്‍ ഉടക്കിനിന്നു,എന്റെ മുടിയിഴകളിലുടെ ആരെങ്കിലും സ്നേഹത്തോടെ കൈവിരല്‍ ഓടിക്കുന്നതായി സ്വപ്നം കണ്ടു.

സുദര്‍ശന്‍‍,ഒന്ന്‍ തട്ടിയപ്പോള്‍ സ്വപ്‌നങ്ങള്‍ എന്നെ തനിച്ചാക്കി , വരു‌ ...എട്ടുമണി കഴിഞ്ഞിരിക്കുന്നു , സുദര്‍ശന്‍‍,വിളിച്ചു, അവന്‍ എന്നെ ട്രെയിനില്‍ ഇരുത്തി , യാത്ര പറഞ്ഞു തിരികെ പോയി. തുടക്കത്തിലുള്ള ജനാലക്കരികിലുള്ള സീറ്റ്‌ ആയിരുന്നു എനിക്ക് , സീറ്റ്‌ എനിക്ക് ഇഷ്ടപെട്ടവയായിരുന്നു,യാത്രക്കാര്‍ നടന്നുപോകുന്ന വഴിവക്കില്‍ തന്നെ ആയിരുന്നെങ്കിലും സീറ്റില്‍ എന്തോ ഒരു സ്വകാര്യത കിട്ടാറുണ്ട് , എന്നെ കൂടാതെ എന്റെ എതിര്‍ വശത്ത് ഒരാള്‍ മാത്രമേ ഇരിക്കുകയുള്ളു‌ , നിവര്‍ത്തിയിട്ട സീറ്റില്‍ കാല്‍ മടക്കി സീറ്റില്‍ ചാരിയിരുന്നു , എന്റെ നേരെ എതിര്‍വശത്ത് ഒരു പെണ്‍കുട്ടിയായിരുന്നു , അവള്‍ ഒന്നും ശ്രദ്ധിക്കാതെ ജനാല വഴി പുറത്തേക്കു തന്നെ നോക്കിയിരുന്നു ..., ഇളം കറുപ്പാണെങ്കിലും നല്ല അഴകുള്ള മുഖം , ഒരു പതിനഞ്ചോ , പതിനാറോ വയസ്സ് പ്രായം തോന്നും , അവള്‍ എന്നെ ശ്രദ്ധിച്ചില്ലെങ്കിലും ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു, ഒരു രവിവര്‍മ ചിത്രം ആസ്വദിക്കുന്നതുപോലെ പോലെ .
ഇളം കാറ്റ്‌ ഇരുമ്പിന്റെ മണവുമായി വന്നു, അത് ക്രമേണ കുറഞ്ഞു വന്നു , വണ്ടി നീങ്ങി തുടങ്ങി ...പുറം കാഴ്ചകള്‍ കുറഞ്ഞു വന്നു , പുറത്തേക്കു നോക്കിയിരിക്കുന്ന പെണ്‍ കുട്ടിക്ക് കാഴ്ചകള്‍ കാണാനില്ലാതെ ആയി , എങ്കിലും അവള്‍ ഇടക്ക് പുറത്തേക്കും പിന്നിട് അകത്തിരിക്കുന്ന മറ്റു യാത്രക്കാരെയും ശ്രദ്ധിച്ചു തുടങ്ങി , എന്നെ മനപുര്‍വ്വം നോക്കിയില്ല ! എനിക്ക് എന്നോടു കുറ്റബോധം തോന്നി , ഞാന്‍ കാരണം അവള്‍ക്കു സ്വതന്ത്രമായ് ഇരിക്കുവാന്‍ കഴിയുന്നില്ലല്ലോ .
എന്റെ കണ്ണുകളെ ഞാന്‍ ശാസിച്ചു , പുറത്തേക്കു നോക്കിയിരുന്ന എന്റെ മുഖം അപ്രതിഷിതമായ് പെയ്ത ചാറല്‍മഴ വെള്ളം തളിച്ചു. കു‌രിരുട്ടില്‍ ദാഹിച്ചു വലഞ്ഞ എനിക്ക് അപ്രതിക്ഷിതമായ് കിട്ടിയ മഴയും ഒപ്പം ആകാശത്തില്‍ നിന്നും നക്ഷത്രങ്ങള്‍ ഇറങ്ങി വന്നു റാന്തല്‍ വിളക്കായ് വെളിച്ചം കാണിച്ചു തന്നത് പോലെയും അവളുടെ മുഖത്ത് ചെറു പുഞ്ചിരി വിടര്‍ന്നു . സീറ്റിന്റെ അറ്റത്ത്‌ നിന്നും കൈപത്തി സീറ്റില്‍ അമര്‍ത്തി മുന്‍പോട്ടു വന്നു ചോദിച്ചു , ആപ് കിതര്‍ ജാ രഹാ ഹേ?...[ നിങ്ങള്‍ എവിടേക്ക് പോകുന്നു ? ] ഒരു നിമിഷം സ്തംഭിച്ചു !!.. വണ്ടിയുടെ ചുളം വിളി ശരീരത്തിലുടെ കയറിയിറങ്ങി പോയി , ഒരിക്കലും പ്രതിക്ഷിച്ചില്ല അവള്‍ പുഞ്ചിരിക്കുമെന്നോ.... എന്തെങ്കിലും ചോദിക്കുമെന്നോ , ഞാന്‍ മറുപടി പറഞ്ഞു , ദില്ലിയിലേക്കാണ് ... നിങ്ങള്‍ എവിടെക്കാണ്‌ ? ഞാന്‍ തിരിച്ചു ചോദിച്ചു...മേം ഭി ദില്ലി മേം ജാ രഹാ ഹെ [ ഞാനും ദില്ലിക്ക് പോകുന്നു ]അന്യോന്യം അറിയാനുള്ള വെമ്പലില്‍ മനസ്സുകള്‍ തുറന്നു, അലങ്കാരങ്ങളില്ലാത്ത അവളില്‍ സംസാരത്തിന്റെ ചെപ്പ് തുറന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന പവിഴ മുത്ത്‌ ഞാന്‍ കണ്ടു!, നീണ്ട മുഖവും , നീണ്ട കൈകാലുകളും, നീണ്ട ശരിരവും , നീണ്ട മുടിയുമുള്ള അവളില്‍ നിന്ന് നിഷ്കളങ്കയായ ഒരു വായാടി പെണ്‍ കുട്ടിയെ ഞാന്‍ തിരിച്ചറിഞ്ഞു ,
ഞാന്‍ അവളുടെ പേര് ചോദിച്ചു,
മേരാ നാം ഊര്‍മിള ഹെ ..... ആപ് കാ നാം ?[ എന്റെ പേര് ഊര്‍മിള .... നിങളുടെ പേര് ?] അവളുടെ ചോദ്യവും ഉത്തരവും ഒന്നിച്ചായിരുന്നു.
സുരേഷ് ഞാന്‍ മറുപടി പറഞ്ഞു ... പിന്നെയും ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു ...അവള്‍ പറഞ്ഞ വഴികളിലുടെ ഞാന്‍ സഞ്ചരിച്ചു .

ഊര്‍മിളയും അവളുടെ മാമനും ബോംബയില്‍ പോയതാണ് , നൃത്തം വളരെ ഇഷ്ടപെടുന്ന ഊര്‍മിളക്ക് ദാന്ടി‍യ റാസ്‌ എന്ന മഹാരാഷ്ട്രയിലെ ഒരു ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ പോയതാണ് ,ഭാവിയില്‍ നല്ലൊരു നര്‍ത്തകി ആവണമെന്നും അതിനായി പരിശ്രമിക്കുമെന്നും അവള്‍ പറഞ്ഞു .

അവളുടെ ആഗ്രഹത്തെ ഞാന്‍ പ്രകിര്‍ത്തിച്ചു ആശംസകള്‍ നേര്‍ന്നു, നൃത്തം പഠിക്കണമെന്നും ഉപദേശിച്ചപ്പോള്‍ അവള്‍ പുഞ്ചിരിച്ചു , മഷിയിട്ട അവളുടെ കണ്ണുകള്‍ തിളങ്ങി, കാലുകളില്‍ ചിലങ്ക അണിഞ്ഞു , മുഖത്ത് ചായം തേച്ചു , ആടയാഭരണങ്ങള്‍ അണിഞ്ഞു , കാലുകള്‍ ചലിച്ചു തുടങ്ങി, കൈകളില്‍ മുദ്രയും, മുഖത്ത് ഭാവങ്ങളും മാറി ...മാറി വന്നു. അവള്‍ക്കു ചുറ്റും തീ കുണ്ഡം പ്രത്യക്ഷപെട്ടു , തീ നാളങ്ങള്‍ അവളെ വാരിപ്പുണര്‍ന്നു വികൃതയാക്കി, കല്‍ക്കരി കൂംബാരങ്ങല്കിടയില്‍നിന്നും ചിലങ്കയുടെ ശബ്ദം ഉയര്‍ന്നു വന്നു.

മൌനിയായിരിക്കുന്ന എന്നെ കൈകൊണ്ട് ആഗ്യം കാണിച്ച് അവള്‍ ചോദിച്ചു, എന്തെ ഒന്നും മിണ്ടാത്തത്‌ ? വിഷയങ്ങള്‍ അവള്‍ തന്നെ തിരഞ്ഞെടുത്തു, ആപ് ക്യാ കാം കര്‍താ ഹെ?[ താങ്കള്‍ എന്ത് ജോലിയാണ് ചെയ്യുന്നത് ?] ഞാനൊരു കലാകാരനാണ്, വരയാണ് എന്റെ തൊഴില്‍....അവളുടെ മുഖത്ത് കൌതുകഭാവം പ്രത്യക്ഷപ്പെട്ടു, ഞാന്‍ പറഞ്ഞു തിരും മുന്‍പേ അവള്‍ ചോദിച്ചു, മേരാ തസ് വീര്‍ ബനാഒഗെ? [ എന്റെ ചിത്രം വരക്കുമോ?] മേരാ ഫോണ്‍ നമ്പര്‍ ആപ് കോ ദുംഗാ [ എന്റെ ഫോണ്‍ നമ്പര്‍ താങ്കള്‍ക്ക് തരാം ] പ്ലീസ് ....പ്ലീസ് ....ജരുര്‍ ബനാകെ ദേനാ ...ടിക്‌ ഹെ .
[തീര്‍ച്ചയായും ഉണ്ടാക്കിത്തരണം ] ഞാന്‍ വരക്കാമെന്ന് ഉറപ്പുകൊടുത്തു.
നിലക്കാത്ത സംസാരത്തിനിടയില്‍ പെട്ടെന്ന് ഒരു മൌനം!.....പിന്നെ കുസൃതി ചിരിയോടെ ഒരു കൈകൊണ്ട് വായ അല്പം മറച്ചുകൊണ്ട് സ്വകാര്യമായി പറഞ്ഞു ....മേം ആപ് കോ ജുട് ബോലാ ത്താ, മേരാ നാം ഊര്‍മിള നഹി ഹെ, മേരാ നാം ക്ഷമാ ഹെ [ ഞാന്‍ നിങ്ങളോട് നുണയാണ് പറഞ്ഞത് , എന്റെ പേര് ഊര്‍മിള എന്നല്ല !, എന്റെ പേര് ക്ഷമ എന്നാണ് ]ഞാന്‍ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല , ഒരു അപരിചിതനോട് പറഞ്ഞ നുണ മാത്രം ...ഇപ്പോള്‍ ഞാന്‍ അവള്‍ക്കു അപരിചിതനല്ല. വണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദം ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഒരു താരാട്ട് പാട്ടായി, ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞു തുടങ്ങി , വളരെ നിശബ്ദമായ അന്തരിക്ഷം ...ജനലിലുടെ അവളുടെ മുഖത്ത് വഴിവിളക്കുകള്‍ സ്വര്‍ണം പൂശി , കുറേ മൌനത്തിന്നുശേഷം അവള്‍ അഗ്യ ഭാഷയില്‍ ഉറക്കം വരുന്നെന്നും , ഉറങ്ങുവാന്‍ പോകുകയാണെന്നും പറഞ്ഞു . എന്റെ സീറ്റിന്റെ പുറകിലുള്ള മുകളിലുള്ള ബെര്‍ത്തിലേക്ക് അവള്‍ ശുഭരാത്രി പറഞ്ഞു കിടക്കുവാന്‍ പോയി, ഇപ്പോള്‍ വണ്ടിയുടെ താരാട്ട് പാട്ട് മാത്രം കേള്‍ക്കാം ,ക്രമേണ അതും നിലച്ചു. ഇന്നലെ രാത്രിയില്‍ നല്ലൊരു സ്വപ്നം കണ്ട ഉന്മേഷത്തോടെ രാവിലെ എഴുന്നേറ്റു ,ദിനചര്യക്ക് ശേഷം വീണ്ടും എന്റെ ഇരിപ്പിടത്തില്‍ ഇരുന്നു ആരുടെയോ കാല്‍പാദം കാതോര്‍ത്തു , ഇന്നലെ കണ്ടത് സ്വപ്നമല്ല ...സത്യമായിരുന്നു !. പാറി പറന്ന മുടികളുമായ് ക്ഷമ വാഷ്‌ ബെയ്സിന്റെ അടുത്തു പ്രത്യക്ഷപെട്ടു , മുഖം കിഴ്പോട്ടാക്കി, കഴുകിയതിനുശേഷം കണ്ണാടിയില്‍ നോക്കി മുഖമുയര്‍ത്തി . ഞാന്‍ വരച്ച ക്ഷമയുടെ പോര്‍ട്രൈറ്റ്‌ ചില്ലിട്ട് തൂക്കിയതുപൊലെ തോന്നിപ്പിച്ചു , മുഖം കഴുകി പോയ ക്ഷമയെ പിന്നെ കണ്ടില്ല!. രാവിലെ പത്തുമണി കഴിഞ്ഞുകാണും, ക്ഷമ പിന്നെയും വന്നു മടക്കാതെ നിവര്‍ത്തിയിട്ടിരിക്കുന്ന സീറ്റില്‍ അവള്‍ പഴയ സ്ഥലത്തുതന്നെ ഇരുന്നു, പരിഭവത്തൊടെ ഞാന്‍ ചോദിച്ചു ..എന്തെ രാവിലെ വരാതിരുന്നത് , ഉത്തരം പതിഞ്ഞ സ്വരത്തിലായിരുന്നു, മാമന്‍ കൂടെ ത്തന്നെ ഉണ്ടായിരുന്നു. വണ്ടി ദില്ലിയിലേക്ക് അടുത്തുകൊണ്ടിരുന്നു , ഒരു രണ്ടു മണിക്കൂര്‍ യാത്രയെ വേണ്ടിവരികയുളു‌. ക്ഷമ വാക്കുകള്‍ക്കായ് പരതി, മുഖം ഉയര്‍ത്തിയില്ല, ഒന്നും സംസാരിച്ചില്ല!. വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു.അണപൊട്ടി ഒഴുകിയ വെള്ളം പോലെ ഒരു കുടുംബം ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക്‌ പാഞ്ഞടുത്തു! അവര്‍ഞങ്ങളുടെ മധ്യത്തില്‍ ഇരിക്കുമെന്ന് മുന്കുട്ടി കണ്ട ക്ഷമ എന്റെ അടുത്തേക്ക് അധികാരത്തോടെ നീങിയിരുന്നു, തളര്‍ന്ന ചിറകുള്ള കുരുവി കൈ കുമ്പിളില്‍ വന്നിരുന്നതുപോലെ , കുരുവിക്ക് പേടിയില്ലായിരുന്നു, വാനോളം പറക്കണമെന്നു ആഗ്രഹിച്ച കുരുവിയുടെ ചിറകിന്നു ശക്തി പോരായിരുന്നു, മാത്രവുമല്ല, ആകാശം നിറയെ നീണ്ട മുര്‍ച്ചയുള്ള കൊക്കുകളുള്ള പക്ഷികള്‍ ഒണ്ട്. അതിനാല്‍ കുരുവിക്ക് എന്റെ കൈകളില്‍ നിന്നു പറന്നു ഒയരാന്‍ മനസ്സുവന്നില്ല!, എങ്കിലും കുരുവിക്ക് പോകാതെ പറ്റില്ല!. വണ്ടി ദില്ലി നിസാമുദ്ദിന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു....ഞങ്ങളുടെ ഒപ്പം ഇരിക്കുന്ന കുടുംബം വണ്ടിയുടെ ശബ്ദത്തെ കിഴ്പെടുത്തി. എങ്കിലും എവിടെയോ ഒരു നെഞ്ചിടിപ്പിന്റെ ശബ്ദം കേള്‍ക്കാം!. യാത്രക്കാര്‍ അവരുടെ ബാഗുകള്‍ അടുക്കിവച്ചുതുടങ്ങി, ഞാന്‍ ‍ക്ഷമയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയില്ല!,അല്ല വാങ്ങാന്‍ കഴിഞ്ഞില്ല, കുറച്ചു സമയമായി അവളെ കാണുന്നുമില്ല!, അവള്‍ പോകാനുള്ള തയ്യറെടുപ്പിലായിരിക്കും, നിസാമുദ്ദിന്‍ എന്ന മഞയില്‍ കറുത്ത അക്ഷരം തെളിഞ്ഞുവന്നു, ക്ഷമയെ കണ്ടില്ല!, അവളുടെ മാമന്‍ അടുത്തുതന്നെ ഉണ്ടായിരിക്കും , ഞാന്‍ ബാഗ്‌ തോളത്തിട്ടു , പെട്ടെന്ന് ക്ഷമ ഒരു പെന്നുമായ് വന്നു, അവളുടെ ശരിരം കിതപ്പോടുകൂടി ഉയര്‍ന്നും , താഴ്നുമിരുന്നു,ഇത്രയും സമയമായിട്ടും ഫോണ്‍നമ്പര്‍ വാങ്ങാതിരുന്നതിന്നു എന്നെ സ്നേഹത്തോടെ ശാസിച്ചു , കടലാസിന്നു വേണ്ടി പരതിയില്ല, അവള്‍ എന്റെ കൈ വെള്ളയില്‍ നമ്പര്‍ കുറിച്ചു തന്നു.ചിലങ്കയുടെ താളം ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല! അത് എന്നില്‍ നിന്നും അകന്നു പോയിരിക്കുന്നു.


ദിനങ്ങളുടെ താളുകള്‍ മറിഞ്ഞുകൊണ്ടിരുന്നു...ഒരു ദിവസം ക്ഷമ തന്ന നമ്പറില്‍ ഫോണ്‍ ചെയ്തു!മറു ഭാഗത്തുനിന്നും ഒരു യുവാവിന്റെ ഗൌരവത്തിലുള്ള ശബ്ദം.. കോന്‍ ഹേ ? [ ആരാണ് ? ], സുരേഷ് ......, കോന്‍സാ സുരേഷ്? [ ഏതു സുരേഷ് ? ]സുരേഷ് എന്ന പേരുകേട്ടപ്പോള്‍ അടുത്തുണ്ടായിരുന്ന ക്ഷമ വാശി കാണിക്കുന്ന കുട്ടിയെ പോലെ പറഞ്ഞു , ഭയ്യാ മേരെലിയെ ഫോണ്‍ ഹേ .... കലാകാര്‍ ഹേ , മേരാ തസ് വീര്‍ ബനായകാ.[ ചേട്ടാ എനിക്കാണ് ഫോണ്‍ ....ഒരു കലാകാരനാണ് , എന്റെ ചിത്രം വരച്ചുതരും ]സംസാരത്തിന്നു ചിലങ്കയുടെ താളം ഉണ്ടായിരുന്നു, ഞാന്‍ അധികം സംസാരിച്ച് അവളെ ബുദ്ധിമുട്ടിച്ചില്ല , ചിത്രം വരച്ചുതരാമെന്നു വീണ്ടും വാക്കുകൊടുത്തു.. ഫോണ്‍ വെച്ചു.

ദിവസങ്ങളും ആഴ്ചകളും പുതിയ അനുഭവങ്ങള്‍ തന്നു. ക്രമേണ ക്ഷമയുടെ ചിലങ്കയുടെ ശബ്ദം അകന്നകന്നുപോയി ...., നാളെയെ കുറിച്ചുള്ള ചിത്രങ്ങള്‍ കാന്‍വാസില്‍ വരക്കുവാന്‍ ശ്രമിച്ചു, കാന്‍വാസും ചായവും ബ്രഷും ഉണ്ടായിട്ടും ചില ചിത്രങ്ങള്‍ പൂര്‍ത്തിയായില്ല! എങ്കിലും വരച്ചു കൊണ്ടേയിരുന്നു... സ്നേഹത്തിന്റെ പ്രതീകമായ പല വര്‍ണ്ണങ്ങളും കൂട്ടി കുഴച്ചിട്ടും പൂര്‍ണതയുള്ള ഒരു വര്‍ണ്ണവും കണ്ടെത്താന്‍ കഴിഞ്ഞില്ല! രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു!, വീണ്ടും ബോംബയില്‍ പോകുവാന്‍ അവസരമുണ്ടായി. ഒരു പെയിന്റിംഗ് എക്സിബിഷന്‍ കാണുവാന്‍ പോയതായിരുന്നു, രാവിലെ മുതല്‍ വൈകുന്നേരം വരെ ആര്‍ട്ട്‌ ഗാലറിയില്‍ ചിലവഴിച്ചു , രണ്ടുവര്‍ഷം മുന്‍പ് ബോബയില്‍നിന്നും ദില്ലിയിലേക്ക് തിരിച്ചുപോയ അതെ ട്രെയിനിലാണ് ഇന്നും പോകുന്നത് , ഇപ്പോള്‍ സമയം ആറുമണി, ഒരു ബിയറു കുടിക്കാമെന്ന് മനസ്സ് പറഞ്ഞു , സുദര്‍ശന്‍ എന്നെയും കൂട്ടി പോയ അതേ ബാറില്‍ തന്നെ പോയി , പക്ഷേ ഇന്ന് ഞാന്‍ തനിച്ചാണ് , സുദര്‍ശന്‍ ഗള്‍ഫിലേക്ക് പോയി. ബാറിനു നല്ല മാറ്റം സംഭവിച്ചിടുണ്ട് ! ശാന്തമായിരുന്ന ബാറിനു പകരം ത്രസിപ്പിക്കുന്ന ശബ്ദ കൊലാഹലങ്ങലുള്ള ബാര്‍ . മിക്ക ഭാഗങ്ങളിലും ചെറിയ ഇരുട്ടായിരുന്നു, ഞാന്‍ ഒഴിഞ്ഞ ഭാഗത്ത്‌ ഇരുന്നു , അവിടെ ഒരു സ്റ്റേജില്‍ അര്‍ദ്ധ നഗ്നയായി പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നുണ്ടായിരുന്നു, അവര്‍ ആറ് പെണ്‍കുട്ടികള്‍ നിരയായി സ്റ്റേജില്‍ ഇരിക്കുന്നു, അതില്‍ രണ്ടുപേര്‍ മാത്രം എഴുന്നേറ്റു ഡാന്‍സ് ചെയ്യുന്നു. മദ്യത്തിന്റെ ലഹരിയില്‍ ചിലയാളുകള്‍ പണത്തിന്റെ നോട്ടുകള്‍ വാരിയെറിയുന്നു... മറ്റു ചിലര്‍ സ്റ്റേജില്‍ ഇരിക്കുന്ന പെണ്‍കുട്ടികളോട് കുശലം പറയാനും ഫോണ്‍ നമ്പര്‍ കൈമാറാനും മത്സരിക്കുന്നു!കണ്ണുകള്‍ സ്റ്റേജില്‍ ഓടിനടക്കവേ... പരിചിതമായ ഒരു മുഖത്തേക്ക് കണ്ണുകള്‍ ഉടക്കിനിന്നു, കണ്ടത് സത്യമാവല്ലേ എന്ന പ്രാര്‍ത്ഥനയോടെ സ്റ്റേജിന്റെ അടുത്തേക്ക് ഓടി...ചിലങ്കയില്ലാത്ത നര്‍ത്തകിയെ അടിമുടി നോക്കി, ക്ഷമയായിരുന്നു നര്‍ത്തകി, മുഖത്ത് പുഞ്ചിരിയില്ല!, കണ്ണുകളില്‍ പഴയ നിഷ്കളങ്കതയില്ല!, ഞാന്‍ അവളുടെ നേരെ കൈ നീട്ടി, ഒരു യാചകനെ പോലെ, അവള്‍ എന്റെ കൈ വെള്ളയില്‍ നമ്പര്‍ കുറിച്ചിട്ടു!..
ഒരു പുതിയ ഫോണ്‍ നമ്പര്‍.