2010, ജനുവരി 17, ഞായറാഴ്‌ച

എങ്കിലും മോനേ..........

ദിനേശന്റെ ദിവാസ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു
ഇനി രണ്ട് ആഴ്ചമാത്രം ബാക്കി,

ശാലിനിയുടെ ഫോട്ടോ ഓന്നുകൂടി നോക്കി, നോക്കുംതോറും അവളുടെ സൗന്ദര്യം
കൂടുന്നതായി തൊന്നിചു. ഒരു കല്ല്യാണ ചെറുക്കന്റെ ഉത്തരവാദിത്യബോധം ദിനേശനെ സ്വപ്നലോകത്തു നിന്നും പിന്തിരിപ്പിച്ചു.

ഏല്ലാ ഗള്‍ഫുകാരനെയും പോലെ ദിനേശനും വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ കാര്‍ബോര്‍ഡു പെട്ടിയില്‍ അടുക്കി വെച്ചുതുടങ്ങി. ഓരോ പ്രാവിശ്യം അവധിക്ക് പോകുമ്പോഴും അധിക ഭാരം മൂലം കാര്‍ബോര്‍ഡ് പെട്ടിയുടെ മുഖങ്ങള്‍ വീര്‍ത്തുവരാറുണ്ട്. പക്ഷേ വീട്ടില്‍ എത്തി അധികസമയം ആവുന്നതിനുമുന്‍പേ കാറ്റു പോയ ബലൂണ്‍ പോലെ പെട്ടി ശൂന്യമായിരിക്കും.

കൊണ്ടുവന്ന ഗള്‍ഫ് സാധനങ്ങള്‍ നിമിഷനേരം കൊണ്ട് അപ്രത്ത്യക്ഷമാവുമെങ്കിലും പെട്ടി കെട്ടികൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് കയര്‍ എടുത്ത് അമ്മ പറയുന്നത് ദിനേശന്‍ ഓര്‍ത്തു, ഇതെങ്കിലും മിച്ചം വരുന്നതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ തുണി ഉണങ്ങാനിടാം.

സാധനങ്ങളൊക്കെ പെട്ടിയില്‍ അടുക്കിവെച്ചു, ഇനി കുറച്ചുസ്ഥലം ബാക്കിയുള്ളത് ഉത്തമന്റെ വീട്ടിലേക്ക് അവന്‍ തന്ന പൊതി വെക്കുവാനുള്ളതാണു. അപ്പോഴാണു വേറൊരു പേക്കറ്റ് വെക്കേണ്ട കാര്യം ദിനേശന്‍ ഓര്‍ത്തത്!

ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവിനു ഉതകുന്ന ആ പേക്കറ്റുകള്‍ ക്കൈയ്യിലെടുത്തപ്പോള്‍ ദിനേശന്‍ ഒരു പുതുപ്പെണ്ണിനെപോലെ നാണിക്കുകയും, ഹൃദയമിടിപ്പ് ഒരു നാദസ്വര കച്ചേരിയായി മാറുകയും ചെയ്തു. ഈ പേക്കറ്റ് ഇല്ലാതെ പോകുന്നത് അത്ര പന്തിയല്ലെന്ന് ദിനേശനു അറിയാം, അതുകൊണ്ടുതന്നെ സന്താന നിയന്ത്രണ പേക്കറ്റുകള്‍ വാങ്ങിവെച്ചിരുന്നു.

വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ദിനേശനു തന്റെ പെട്ടിക്ക് യാതൊരു അവകാശവുമില്ല! തലങ്ങും, വിലങ്ങും ഇരുമ്പു ചങ്ങലകൊണ്ട് താഴിട്ടു പൂട്ടിയ പെട്ടി നിമിഷ നേരം കൊണ്ട് തുറന്നു കാണിക്കുന്ന മാന്ത്രികന്‍ മുതുകാടിനെ പ്പോലും തോല്‍പിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക്ക് കയര്‍ ചുറ്റിവരിഞ്ഞ പെട്ടി നിമിഷനേരം കൊണ്ട് തുറന്നുകാണിക്കുന്ന ചേച്ചിമാര്‍ കൊണ്ടുപോയ ഓരോ സാധനവും അരിച്ചു പെറുക്കും! അപ്പോള്‍ ഈ പേക്കറ്റുകള്‍ അവര്‍ കാണും! ആലോചിച്ചിട്ട് ഒരു വഴിയെ കാണുന്നുള്ളൂ.... ഉത്തമന്റെ പേരില്‍ വേരൊരു പൊതി ഉണ്ടാക്കുക, അതു ഉത്തമന്റേതാണെന്ന് കരുതി ആരും എടുക്കുകയുമില്ല.

ഉടനെ രഹസ്യ പേക്കറ്റുകള്‍ പൊതിഞ്ഞ് വെണ്ടക്കാ അക്ഷരത്തില്‍ ഉത്തമന്‍ മന്നിലേടത്ത് വീട് എന്ന് എഴുതിവെച്ചു. ഒരു ബോംബ്ബ് നിര്‍വീര്യമാക്കിയ ആശ്വാസം.


ഇനി ഡ്യൂട്ടി ഫ്രീയില്‍ നിന്നും രണ്ട് കുപ്പി റെഡ് ലേബല്‍ വാങ്ങിക്കണം, അത് നാട്ടിലെ വി.ഐ.പി. കുടിയന്മാര്‍ക്കുള്ളതാണു,പിന്നെ പോകുന്ന വഴിക്ക് മാഹിയില്‍ നിന്നും രണ്ടൊ,മൂന്നോ കുപ്പി നാടനും വാങ്ങണം.

ഗള്‍ഫില്‍ നിന്നും വരുമ്പൊള്‍ മാഹി സാധനമാണു വാങ്ങിയതെന്നറിഞ്ഞാല്‍ തനിക്കും ഒരു നാടന്റെ സ്ഥാനമെ ലെഭിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് ദിനേശന്‍ തന്റേതായ ഒരു മിക്സിങ്ങ് ഫോര്‍മുല രൂപപ്പെടുത്തിയിരുന്നു! റെഡ് ലേബല്‍ കുപ്പി കാലിയായി ക്കഴിഞ്ഞാല്‍ ഈ മാഹി സായിപ്പിനെ അതിലേക്ക് നിറയ്ക്കും! അങ്ങനെ റെഡ് ലേബല്‍ അപരനെ വലിച്ചു കുടിച്ചു ചുണ്ടും തുടച്ച് തൊണ്ടയും അടിവയറും തടവി പൊസിഷന്‍ മാറിയില്ലെന്ന് ഉറപ്പ് വരുത്തി റെഡ് ലേബലാണു കുടിച്ചതെന്ന ഓവര്‍ കോണ്‍ഫിഡന്‍സുമായ് അവര്‍ തപ്പി തടഞ്ഞ് പോകുമ്പോള്‍ കുഴഞ്ഞ ശബ്ദത്തില്‍ പറയും റെഡ് ലേബല്‍ ഒരു സാധനം തന്നെയാണു മോനെ എന്തൊരു കിക്ക്!

അങ്ങിനെ കള്ളിന്റെ കാര്യത്തില്‍ ദിനേശനു എല്ലാവരേയും തൃപ്തിപെടുത്തുവാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്.

വീട്ടില്‍ എത്തിയപ്പോള്‍ ചേച്ചിമാരും, അളിയന്മാരും,കുട്ടികളും ഉല്‍ഘാടനത്തിനു മന്ത്രിയേ കാത്തുനില്‍ക്കുന്നതുപോലെ നില്‍പുണ്ടായിരുന്നു!

അചഛന്‍ പറഞ്ഞു എടാ..... ദിനേശാ..... നിന്റെ കൂട്ടുകാരെയൊക്കെ നീ തന്നെ പോയി കല്ല്യാണം ക്ഷണിക്ക്.

ദിനേശന്‍ അടുത്ത ദിവസം മുതല്‍ കല്ല്യാണം വിളിക്കല്‍ ചടങ്ങ് ആരംഭിച്ചു. രാവിലെ തന്നെ തന്റെ കൂട്ടുകാരുടെ താവളമായ കണ്ണാടിപറമ്പ് നാട്ടിലേക്ക് ബസ്സ് കയറി. എല്ലാ കൂട്ടുകാരുടേയും വീട്ടില്‍ കയറിയിറങ്ങിയപ്പോഴേക്കും ഉച്ചയായി. ഇനി കണ്ണപുരത്തേക്ക് പോകണം.

കണ്ണപുരത്തേക്കുള്ള ബസ്സ് കാത്ത് നില്‍ക്കുന്ന സമയത്ത് വീട്ടില്‍ നിന്നും അചഛന്റെ ഫോണ്‍ വന്നു! എടാ ദിനേശാ...... മന്ന്യോടത്ത് വീട്ടിലെ ഉത്തമന്റെ അചഛന്‍ വന്നിട്ടുണ്ട്, ഉത്തമന്‍ എന്തോ നിന്റെ കൈവശം കൊടുത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞു.

അപ്പോഴേക്കും ബസ്സ് വന്നു. ബസ്സില്‍ ചാടിക്കയറുന്ന സമയം അചഛനോട് മറുപടി പറഞ്ഞു, അവന്റെ പേരു എഴുതിയ പൊതി കൊടുത്തേക്ക്ക്കൂ........ ഫോണ്‍ കട്ടു ചെയ്ത് തിങ്ങിനിറഞ്ഞ ബസ്സില്‍ ഒരു അധികപറ്റായി അള്ളിപിടിച്ചു.

രണ്ട് ആഴ്ച്ച കഴിഞ്ഞു ദിനേശന്‍ ശാലിനി കല്ല്യാണം ഭംഗിയായി കഴിഞ്ഞു, ഭദ്രമായി വെച്ചിരുന്ന പൊതിയുടെ തിരോധാനം ആദ്യമൊക്കെ ദിനേശനെ അലോസരപെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും മുക്തനായിട്ടുണ്ട്.

കല്ല്യാണ പന്തല്‍ അഴിച്ചുവെച്ചു, തെങ്ങില്‍ ചുവട്ടില്‍ വലിച്ചെറിഞ്ഞ എച്ചില ഇലകള്‍ കരിഞ്ഞു തുടങ്ങി. പുതുപെണ്ണ് പഴകിതുടങ്ങി.

ദിനേശന്‍ ദുബായിലേക്ക് പറന്നു ഒപ്പം കുറേ വിരഹ ദുഖങ്ങളും പേറി. ദിവസങ്ങള്‍ കടന്നുപോയി..... കുത്തരി ചോറിന്റെ സ്ഥാനം കുബ്ബൂസ് കൈക്കലാക്കി!
യാന്ത്രികമായ ജീവിതം......വെള്ളിയാഴ്ചകള്‍ ക്ഷെണിക്കാതെ വന്നു പോയ്കൊണ്ടിരുന്നു,

ഒരു വ്യാഴാഴ്ച ദിവസം ആഘോഷിക്കാന്‍ ഉത്തമന്‍ ദിനേശനെ ബാറിലേക്ക് ക്ഷണിച്ചു. ദിനേശന്‍ തന്റെ കല്ല്യാണത്തെ കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഉത്തമന്‍ ഒരു കല്ല്യാണ സി ഡി കാണുന്നതുപോലെ ആസ്വദിച്ചിരുന്നു.

ഇടയ്ക്കൊരു മൗനം വീണു കിട്ടിയപ്പോള്‍ ഉത്തമന്‍ പറഞ്ഞു ദിനേശാ.... നീ നാട്ടില്‍ പോയപ്പോള്‍ അഛന്‍ എനിക്ക് ഫോണ്‍ ചെയ്തിരുന്നു ....ആകാംക്ഷയോടെ ദിനേശന്‍ ചോദിച്ചു....ഉം എന്ത് പറഞ്ഞു?


ഈ വയസ്സാന്‍ കാലത്തും നിനക്ക് നിന്റെ അഛനെ വിശ്വാസമില്ല അല്ലേടാ മോനേന്ന്!!.........

കുടിച്ചുകൊണ്ടിരിക്കുന്ന ബിയറിന്റെ കയ്പ്പ് ഒന്നുകൂടി കൂടിയതായും അത് മൂക്കിലേക്ക് ഓടിക്കയറി ദിനേശന്‍ ഉഛത്തില്‍ ചുമച്ചുകൊണ്ടിരുന്നു !.......

2 അഭിപ്രായങ്ങൾ:

  1. ഈ വയസ്സാന്‍ കാലത്തും നിനക്ക് നിന്റെ അഛനെ വിശ്വാസമില്ല അല്ലേടാ മോനേന്ന്!!.........


    ഹ..ഹ..ഹ... അവസാന പഞ്ച് കലക്കി..!!

    മറുപടിഇല്ലാതാക്കൂ
  2. മാഹിക്കാരനെ വിധേസിയാക്കുന്ന വിദ്യ കൂടി പകര്ന്നുജ് തന്നതിന് നന്ദി ..!നമസ്കാരം ..(ഈ "പുത്തി"യൊന്നും നമുക്ക് തോനാതെ പോയതില അല്പം വിഷം ഇല്ലാതില്ല ..)

    മറുപടിഇല്ലാതാക്കൂ