2009, നവംബർ 16, തിങ്കളാഴ്‌ച

ഭഗവതിയുടെ ചോദ്യം

കൃഷ്ണനുണ്ണി ആരും വിളിച്ചുണര്‍ത്താതെ പുലര്‍ച്ചെ തന്നെ എഴുന്നേറ്റു. ഇന്ന് കുറേ നാളുകളായി കാത്തിരുന്ന ദിവസമാണ്‌ . ഓര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു പാടു നിറങ്ങളുള്ള ബലൂണുകള്‍ ഉയര്‍ന്നുപൊങ്ങി. മുളം തണ്ടുകളില്‍ തൂങ്ങികിടക്കുന്ന കളിപ്പാട്ടങ്ങളും, മാനത്ത് മായാജാലം വിരിയിച്ച് പൊട്ടി തെറിക്കുന്ന അമിട്ടുകളും, ചെണ്ടകളുടെ ദൈവീകമായ ശബ്ദത്തോടൊപ്പം തീപന്തം കൊണ്ട് അലങ്കരിച്ച തെയ്യ കോലങ്ങളും........

ആലോചിക്കുംതോറും കൃഷ്ണനുണ്ണിക്ക് സന്തോഷം അടക്കുവാന്‍ കഴിഞ്ഞില്ല!
രണ്ടു കയ്യുകൊണ്ടും സ്വന്തം മാറിടത്തില്‍ ആവരണം തീര്‍ത്ത് മകര മാസത്തിലെ തണുപ്പിനെ അകറ്റി.

ഉണ്ണീ....അടുക്കളയില്‍ നിന്നും അമ്മയുടെ നീണ്ട വിളി.......

സ്വപ്നത്തില്‍ നിന്നും മോചിതനായ് വന്ന കാര്യത്തില്‍ ശ്രദ്ധിച്ചു.
മുറ്റത്തെ തുമ്പില്‍ നിന്നുതന്നെ ഉണങ്ങിയ പ്ലാവില ചപ്പിന്മേല്‍ കഴിയുന്നത്ര ദൂരത്തില്‍ ചറ പറ ശബ്ദത്തോടു കൂടി മൂത്രമൊഴിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി.

ആകാശത്ത് ആദിത്ത്യന്‍ കുംങ്കുമം വാരി വിതറി. ദൂരെ നിന്നും കോമരം വാളും എഴുന്നള്ളിച്ച് വരുന്നതിന്റെ ചെണ്ട ശബ്ദം കേട്ടുതുടങ്ങി. വീടുകളില്‍ അഞ്ച് തിരിയിട്ട നിലവിളക്കുകള്‍ പ്രത്യക്ഷപെട്ടു.

ആകാശത്ത് നക്ഷത്രങ്ങളും, കാവിനു ചുറ്റുമുള്ള മതിലുകളിലും, ചെമ്പകമരത്തിന്റെ തറയിലും ആള്‍ക്കാരും സ്ഥാനം പിടിച്ചു.

ഒരു പെരുമ്പറ ശബ്ദത്തോടുകൂടി ഭഗവതിയുടെ തോറ്റം പാട്ട് ആരംഭിച്ചു.
ഭഗവതിയുടെ തോറ്റം ഭക്തരെ യുഗങ്ങള്‍ക്ക് അപ്പുറം എത്തിച്ചു. വിരിയാന്‍ പോകുന്ന ചെമ്പകപ്പൂവിന്റെ മൊട്ടുകള്‍ തോറ്റം ഏറ്റുപാടി. ചെണ്ടയുടെ താളത്തിന്റെ ഏറ്റകുറച്ചിലിന്ന് അനുസ്സരിച്ചു തെയ്യ ക്കോലങ്ങള്‍ ഉറഞ്ഞു തുള്ളി. കുരുത്തോലകള്‍ക്കിടയിലൂടെ കത്തുന്ന പന്തങ്ങള്‍ക്ക് കത്തിയ മഞ്ഞളിന്റെ വാസനയുണ്ടായിരുന്നു.

തുള്ളിതീര്‍ന്ന ഭഗവതി തെയ്യത്തിന്റെ അടുത്തേക്കു ഭക്തര്‍ മഞ്ഞള്‍ കുറിക്കായ് ദക്ഷിണയുമായ് അടുത്തുകൂടി.

ഭക്തര്‍ തങ്ങളുടെ സങ്കടങ്ങള്‍ ഭഗവതിയെ ബോധിപ്പിക്കുകയും ഭഗവതി പരിഹാര ക്രീയ നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു.

തുന്നല്‍ പഠിപ്പിക്കുന്ന സുഭദ്ര ടീച്ചര്‍ കുറി വാങ്ങിക്കഴിഞ്ഞാല്‍ കൃഷ്ണനുണ്ണിയുടെ ഊഴമാണു.
കൃഷ്ണനുണ്ണി അച്ചന്‍ തന്ന ഒറ്റ നാണയം അമര്‍ത്തിപ്പിടിച്ചു.

കുറി വാങ്ങിയ സുഭദ്ര ടീച്ചര്‍ ചിരിച്ചുകൊണ്ട് പ്പോകുന്നതുകണ്ടു.
ആറു മാസത്തിനുള്ളില്‍ വടക്കുനിന്നും ഒരു അലോചന സുഭദ്ര ടീച്ചര്‍ക്ക് വരുമെന്നും,എപ്പോഴും എന്നെ വിളിക്കണമെന്നും,ഞാന്‍ എപ്പോഴും കൂടെ ഉണ്ടായിരിക്കുമെന്നും ഭഗവതി പറയുന്നത് കേട്ടു.

കുരുത്തോലകളും, തീ പന്തങ്ങളും കൊണ്ട് അലങ്കരിച്ച ഭഗവതി അടുത്തുവന്നു! തീപന്തങ്ങള്‍ക്ക് കൈ മുട്ടാതെ ദക്ഷിണ കൊടുത്തു.

കുറെ മഞ്ഞള്‍ പൊടിയും ചെത്തി പൂവും കൃഷ്ണനുണ്ണിയുടെ തലയില്‍ വിതറി വാളുകൊണ്ട് തലയില്‍ മെല്ലെ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു.......ഗുണം വരും,....ഗുണം വരും...ഏറി.....യേറി.....ഗുണം വരും
നീ എന്നെ വിളിക്കാറില്ല!...... അല്ലെ......ഭഗവതി ച്ചോദിച്ചു,

കൃഷ്ണനുണ്ണിയുടെ മറുപടി പെട്ടെന്നായിരുന്നു,

അതിനു നിങ്ങളുടെ നമ്പര്‍ എന്റെ കയ്യില്‍ ഇല്ലല്ലൊ!!!......

മറുപടി കേട്ട് അമ്പരന്ന ഭഗവതിയുടെ ചിത്രമെഴുത്തുള്ള മുഖത്തിന്റെ ഭാവ മാറ്റം ഭക്തര്‍ ശൃദ്ധിച്ചില്ല.

1 അഭിപ്രായം:

  1. "..അതിനു നിങ്ങളുടെ നമ്പര്‍ എന്റെ കയ്യില്‍ ഇല്ലല്ലൊ!!!......"അയ്യോ നിന്നെ കൊണ്ട് വയ്യ ..!!ചിരിച്ചു മരിക്കാന്‍ എന്നെ കൊണ്ടും വയ്യ !ഒരു തമാശ കഥ ആയി തീര്‍ന്നു എങ്കിലും ഇടയ്ലെല്ലാം ഉള്ള ചില പ്രയോഗങ്ങള് എടുത്തു പറയാന്‍ മാത്രമുള്ള താന് വളരെ ലളിതമായ വാക്യ വിതാനം .!ചുരുങ്ങിയ ഗന്ടികകളില്‍ തന്നെ ഒതുക്കുകയും ചെയ്തു .അതും നന്നായി ,നീട്ടി പറഞ്ഞിരുന്നെങ്കില്‍ ഈ തമാശയുടെ രസ ചരട് പൊട്ടി പോവുമായിരുന്നു

    മറുപടിഇല്ലാതാക്കൂ